സഹൃദയരായ എല്ലാ മലയാളികളോടുമുള്ള അഭ്യര്‍ത്ഥന


മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ജീവിതം ഞാന്‍ പഠിക്കുന്നത് ഇരുപത് വര്‍ഷം മുമ്പാണ്. മാസങ്ങളോളം ചെലവഴിച്ചാണ് അക്കാലത്ത് അത് സാധിച്ചത്.
  കവിയുടെ പുസ്തകങ്ങള്‍, കവിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍, കവിയെ നേരിട്ടും അല്ലാതെയും അറിയാവുന്നവര്‍, കവി ജീവിച്ച പ്രദേശങ്ങള്‍ അങ്ങനെ സാദ്ധ്യമായ എല്ലാ വഴികളിലൂടെയും സഞ്ചരിച്ചു.

അതിനുശേഷം 'രമണം' എന്ന പേരില്‍ നോവല്‍ എഴുതി.  അതേ പേരില്‍ തിരക്കഥ എഴുതി.  'രമണം' നാടകവുമെഴുതി.

കഴിഞ്ഞ ഇരുപതു വര്‍ഷമായി രമണം ചലച്ചിത്രമാക്കാന്‍ ആലോചിക്കുന്നു.  ഇടയ്ക്ക് ആലോചനകള്‍ സജീവമാകും.  പിന്നെ നിര്‍ജ്ജീവമാകും.

ദുരനുഭവം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്റെ ദുഃഖം എന്റെ മാത്രം ദുഃഖമായി ഒതുങ്ങി.  സമൂഹത്തിന്റെയൊ സാഹിത്യത്തിന്റെയൊ സിനിമയുടെയൊ ദുഃഖമായില്ല.

ആ സന്ദര്‍ഭത്തിലാണ് ഉള്‍വിളിയുണ്ടായത്.  സ്വയം സംവിധാനം ചെയ്യാം എന്ന്.

അങ്ങനെയാണ് ഇങ്ങനെയൊരു പദ്ധതി ആലോചിയ്ക്കുന്നത്.  പല കാലങ്ങളിലായി എഴുതിയിട്ടുള്ള ധാരാളം കൃതികള്‍ ശേഖരത്തിലുണ്ടായിരുന്നു. അതില്‍നിന്ന് ഏതാനും കൃതികള്‍ തെരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും അവ വിറ്റ് ലഭിയ്ക്കുന്ന തുക കൊണ്ട് 'രമണം' നിര്‍മ്മിയ്ക്കുകയും ചെയ്യുക.

എഴുതി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്ന പുസ്തകത്തിലൂടെ ലഭിയ്ക്കുന്ന വരുമാനംകൊണ്ട് എഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന സിനിമ-- എനിക്ക് തോന്നുന്നത് ലോകത്ത് ആദ്യമായിരിക്കും.

ചങ്ങമ്പുഴയുടെ ജീവിതം സിനിമയാകുന്നു-- ആ ആത്മവിശ്വാസമാണ് സമസ്തമലയാളികളെയും സമീപിയ്ക്കുവാനുള്ള ശുഭപ്രതീക്ഷ എനിക്ക് നല്‍കിയത്.

വില അല്പം കൂട്ടി നിശ്ചയിച്ചിട്ടാണെങ്കിലും പുസ്തകങ്ങള്‍ വിറ്റിട്ടാണ് നിര്‍മ്മാണച്ചെലവ് കണ്ടെത്തുന്നത്.  എല്ലാവരും ഈ സംരംഭത്തിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  സിനിമാ നിര്‍മാണത്തിലേക്ക് മാത്രമായിരിക്കും തുക ചെലവഴിക്കുക.  മാത്രമല്ല സിനിമയില്‍ നിന്ന് തുടര്‍ന്ന് വരുമാനമുണ്ടാകുമ്പോള്‍ ട്രസ്റ്റ് രൂപീകരിക്കുകയും സാഹിത്യ-സിനിമ-സാമൂഹ്യ മേഖലയില്‍ വര്‍ഷംതോറും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും.

സ്വയം പുസ്തകം വാങ്ങുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുക.

35000 പുസ്തകങ്ങളാണ് വില്‍ക്കേണ്ടത്. (അച്ചടി - പരസ്യ - വില്പന  കമ്മിഷന്‍ (15%) കിഴിച്ചുള്ള തുകയാണ് നിര്‍മ്മാണത്തിലേക്ക് വന്നുചേരുന്നത്)

ഒരു സിനിമയുടെ ബഡ്ജറ്റ് എന്നത് അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും കൂടെ ചേര്‍ത്താണല്ലൊ.  പക്ഷേ, രമണത്തില്‍ കഥാപാത്രത്തിന്‍െറ പ്രാധാന്യമനുസരിച്ച് നിശ്ചയിക്കപ്പെടുന്ന പ്രതിഫലമാണ് അഭിനേതാക്കള്‍ക്ക് നല്‍കുക.  ബഡ്ജറ്റിന്‍െറ സിംഹഭാഗവും സിനിമയ്ക്ക് വേണ്ടിയാണ്, സിനിമയ്ക്ക് അകത്തേക്കാണ് ഉപയോഗിക്കുന്നത്.  രമണം ആവശ്യമനുസരിച്ച് പണം ചെലവഴിച്ച് നിര്‍മ്മിക്കുന്ന സിനിമ തന്നെയാണ്. 

ഒരു കാലത്ത് കേരളജനതയുടെ ഇമ്പമായിരുന്നു ചങ്ങമ്പുഴ.  അദ്ദേഹത്തിന്റെ കവിതയിലെ വരികള്‍ മൂളാത്ത സ്ത്രീപുരുഷന്മാര്‍ ഉണ്ടായിരുന്നില്ല, കേരളത്തില്‍.

കവിയായിപ്പോയതിനാല്‍ അപവാദത്തിനും അവഹേളനത്തിനും ഇത്രയധികം വിധേയനാകേണ്ടിവന്ന മറ്റൊരാളില്ല.  കവിയാകേണ്ടിയിരുന്നില്ല എന്ന് വിചാരപ്പെടുമ്പോള്‍ തന്നെ സ്‌നേഹലാഭത്തിനായി കവിത എഴുതി.  അല്ലെങ്കില്‍ എഴുതിപ്പോയി.  കവിതകള്‍ സ്‌നേഹാദരങ്ങളായിരുന്നു; അനുവാചകരെ തന്നിലേക്കടുപ്പിക്കാനുള്ള വശീകരണമന്ത്രങ്ങളായിരുന്നു.

അതിര്‍ത്തി ഇല്ലാത്ത സ്‌നേഹത്തിന്, മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് വിലങ്ങായി നില്‍ക്കുന്ന ഘടകങ്ങളെ തള്ളിമാറ്റാന്‍ കഴിയുമെന്ന് ചങ്ങമ്പുഴ വിശ്വസിച്ചു.  അതിനുള്ള പോരാളിയാണ്, പ്രതീകമാണ് സ്ത്രീയെന്ന് വിശ്വസിച്ചു.

മലയാളഭാഷ നിലനില്‍ക്കുന്നിടത്തോളം കേരളീയര്‍ സ്‌നേഹലാളനകള്‍ അര്‍പ്പിക്കുമെന്ന് അംഗീകരിക്കപ്പെട്ട കവിക്ക്, തന്റെ ജീവിതം സ്‌നേഹാന്വേഷണമായിരുന്നു.

യാതനയില്ലെങ്കില്‍ ജീവിതമില്ലെന്ന് പഠിച്ച, ആരാമത്തിന്റെ രോമാഞ്ചം ആര് വാങ്ങുമെന്ന് ചോദിച്ചുകൊണ്ട് കടന്നുവന്ന ചങ്ങമ്പുഴയെ, തങ്ങള്‍ക്കുവേണ്ടി പാടുന്ന ഒരു കവിയെ ലഭിക്കാന്‍ ആര്‍ത്തിയോടുകൂടി കാത്തുനിന്ന കേരളീയര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച് തങ്ങളുടെ സ്വന്തം കവിയാക്കി.

മാതൃരാജ്യവും മാതൃഭാഷയും മാതാവിന് തുല്യമാണെന്നറിയുന്ന മലയാളികള്‍ ചങ്ങമ്പുഴയെ ഹൃദയത്തില്‍ കുടിയിരുത്തി.  അതറിയാവുന്നതുകൊണ്ട് അദ്ദേഹം, തന്റെ നാക്കുതളരുംവരെ പാടി.  കാവ്യങ്ങളെ താളവര്‍ണ്ണങ്ങളാല്‍ സമൃദ്ധമാക്കി.  ചങ്ങമ്പുഴ 'പാടു'മ്പോള്‍ തങ്ങള്‍ (കേവലം) 'പറയുക' മാത്രമാണെന്ന ബോധം പലരെയും ദുഃഖിപ്പിച്ചു.   

രാജസദസ്സുകളില്‍ നിന്ന് പട്ടും വളയും വാങ്ങാതെ, പാഠപുസ്തകക്കമ്മിറ്റികളുടെ പ്രോത്സാഹനം നേടാതെ, പത്രങ്ങളുടെയും കീര്‍ത്തിരക്ഷാസമിതികളുടെയും അകമ്പടിയില്ലാതെ, പാണ്ഡിത്യക്കോണകങ്ങളുടെ ഔദ്യോഗിക സമ്മതി വാങ്ങാതെ-- എന്തിനധികം, ആരോടും ഒരു വാക്ക് ചോദിക്കാതെ-- മലയാളഹൃത്തിലേക്ക് നേരെയങ്ങ് കയറിയിരുന്നു.

ജനകീയജീവിതത്തില്‍ നിന്ന് ഉയിര്‍കൊണ്ട കവിതകള്‍ ചങ്ങമ്പുഴയെ ജനകീയ മഹാകവിയെന്ന പദവിയിലേക്ക്, പ്രശസ്തിയിലേക്ക് വിപുലീകരിച്ചു.  മധുരസമ്പുഷ്ടമായ സംസാരം കൊണ്ട് ആരെയും ആകര്‍ഷിച്ച് സ്ഥലകാലങ്ങളെ വിസ്മരിപ്പിക്കുന്ന വിവരണപ്രിയന്‍, വിരുദ്ധഭാവങ്ങളാല്‍ സങ്കീര്‍ണ്ണമാക്കപ്പെട്ട മനസ്സ്, അങ്ങനെ അസാധാരണത്ത്വങ്ങളാല്‍ ആളിയ ആ ജീവിതം, ആ അസ്ഥിമാടത്തിന്റെ സ്പന്ദനം, പയ്യെപ്പയ്യെ മുപ്പത്താറര വയസ്സില്‍ നിലച്ചു.  നശ്വരമായ ജീവിതത്തിന്റെ കൈയ്യൊപ്പാണ് മരണമെന്ന് ആധാരമാക്കിയ കവി, തന്റെ ജീവിതത്തെ സ്‌നേഹരാഹിത്യം അസഹിഷ്ണുത നിന്ദ അനീതി തുടങ്ങിയ പഴകിയതും അധമവുമായ ഭാവങ്ങളോടുള്ള നിരന്തര സമരമാക്കി.

കാവ്യങ്ങള്‍, മഹാകാവ്യങ്ങള്‍, വിവര്‍ത്തനങ്ങള്‍, നോവല്‍, ആത്മകഥ, പ്രബന്ധം-- തുടങ്ങിയ മേഖലകളിലായി അഞ്ഞൂറില്‍പ്പരം രചനകള്‍ അദ്ദേഹത്തിന്റെതായി ഉണ്ട്.

''യുവാക്കളെ, നിങ്ങളിലാണ് പുതിയ കാലത്തിന്റെ പ്രതിനിധികളായ നിങ്ങളിലാണ് പോയ കാലത്തിന്റെ പ്രതിനിധികളായ ഞങ്ങളുടെ പ്രതീക്ഷ.... നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും''- ചങ്ങമ്പുഴ.

''രമണം പൂര്‍ണ്ണമായും ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയാണ്.  പക്ഷേ, ചങ്ങമ്പുഴയുടെ ജീവിതം പൂര്‍ണ്ണമായും രമണത്തിലില്ല'' - ബല്‍റാം.

ആ ഗന്ധര്‍വ്വഗായകന് പ്രണാമം

 

നമ്മുടെ തനത് സംസ്‌കാരത്തോടും ഭാഷയോടും പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്ന എഴുത്തും ചിന്തയുമാണ് എന്റേത്.  വില്ല്യം ഷേക്‌സ്പിയറുടെ ഒഥല്ലൊ, ഹാംലറ്റ്, മാക്ബത്ത്, കിംഗ്‌ലിയര്‍ എന്നീ അനശ്വര കൃതികള്‍ തിരക്കഥാ രൂപത്തിലെഴുതിയപ്പോള്‍ പശ്ചാത്തലമായത് നമ്മുടെ ആചാരാനുഷ്ഠാനങ്ങളൊ കലകളൊ ശാസ്ത്രമൊ ആണ്.

ഈ രചനകള്‍ മാത്രമല്ല, തദ്ദേശീയമായ പശ്ചാത്തലത്തിലൂന്നിയല്ലാതെ എന്റെ എഴുത്ത് സഞ്ചരിച്ചിട്ടില്ല.  അതിന്റെ ഭാഗമായിത്തന്നെയാവാം ചങ്ങമ്പുഴയുടെ ജീവിതത്തിലേക്കും എത്തിച്ചേര്‍ന്നത്.

ചില സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍, കഥാപശ്ചാത്തലം കേള്‍ക്കുമ്പോള്‍, സിനിമയെക്കുറിച്ച് വിലയിരുത്തുന്ന (തെറ്റായ) പതിവുണ്ട്.  ``അവാര്‍ഡ് ലക്ഷ്യമിട്ട് തയ്യാറാക്കുന്ന സിനിമയാണത്''-  ചില ശുദ്ധാത്മാക്കള്‍ അങ്ങനെയങ്ങ് പ്രസ്താവിച്ചുകളയും.  

രമണം, ഒരു നല്ല സിനിമ മാത്രമായിരിക്കും.  എല്ലാ വിഭാഗം ജനങ്ങളിലേക്കും കടന്നുചെന്ന ചങ്ങമ്പുഴയുടെ ജീവിതത്തെ അധികരിച്ചുള്ള സിനിമ, - എല്ലാ വിഭാഗം ജനങ്ങളെയും രമിപ്പിയ്ക്കുന്ന സിനിമ തന്നെയായിരിക്കും.  

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുന്നിലേക്ക് സാധ്യമായ എല്ലാ വഴികളിലൂടെയും രമണം വന്നെത്തും.  

വ്യക്തി സമസ്തമേഖലകളുമായും ബന്ധപ്പെട്ടുകിടക്കുന്നു.  ഒന്നില്‍ അല്ലെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ മേഖലകളില്‍ കൂടുതലായി മുഴുകുന്നു, അത് മാത്രം ശ്രദ്ധിക്കപ്പെടുന്നു എന്ന വ്യത്യാസം മാത്രം.  സാഹിത്യവും സിനിമയും സമൂഹവും കൂടിപ്പിണഞ്ഞുകിടക്കുന്നു എന്ന പക്ഷത്തിലാണ് എന്റെ രചനാവഴി.  ആ  പ്രതലത്തില്‍ ഊന്നിനിന്നുകൊണ്ടാണ് രമണത്തിന്റെ കണ്‍സ്ട്രക്ഷന്‍.  

ഒമ്പത് പുസ്തകങ്ങളെ ഒന്നായി കണക്കാക്കിക്കൊണ്ട് 2000 രൂപ വില നിശ്ചയിച്ച് വില്പന നടത്തി ലഭിക്കുന്ന വരുമാനം കൊണ്ട് സിനിമ നിര്‍മ്മിയ്ക്കുന്നു.

ഐക്യപ്പെടുക; വിജയിപ്പിക്കുക.

പുസ്തകവും സിനിമയും

സ്വന്തം കൃതികള്‍ സ്വയം പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത് പണം സ്വരൂപിച്ച്, സ്വന്തം തിരക്കഥ നിര്‍മ്മിച്ച് സംവിധാനം ചെയ്ത് വിതരണം ചെയ്യുന്നു- രമണം സിനിമ പ്രേക്ഷകരിലെത്തുന്നത് അവ്വിധമാണ്.  

ഒന്‍പത് പുസ്തകങ്ങളുടെ സമാഹാരത്തിന് 2000 രൂപയാണ് വില.  

താങ്കള്‍ ആവുന്നത്ര പുസ്തകങ്ങള്‍ വാങ്ങുകയും ബന്ധുമിത്രാദികളെക്കൂടെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ സംരംഭം വിജയത്തിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പുസ്തകത്തിനായി ഫോണില്‍, ഇ-മെയിലില്‍, തപാലില്‍ ഒക്കെ ബന്ധപ്പെടാം.

ബാങ്കില്‍ നേരിട്ട് പണമടച്ച് ആവശ്യപ്പെടുകയും ചെയ്യാം.

Bank Account Details:
Samastha Malayalee Chalachithra Parishath
A/c No. 67282053746
SBT, Civil Station Branch, Kannur
IFSC : SBTR0000531 
MICR Code : 670009003 
Branch Code : 70531

media